മട്ടന്നൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായുള്ള വികസന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്.
മട്ടന്നൂർ ജങ്ഷൻ മുതൽ ആശ്രയ ആശുപത്രി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലും നടപ്പാതയും നിർമ്മിച്ച് കൈവരി സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. റോഡരികിൽ സുഗമമായ യാത്രയ്ക്ക് നടപ്പാതകളും അലങ്കാര വിളക്കുകളും സ്ഥാപിക്കും. മുൻപ് കണ്ണൂർ റോഡിലും സമാന രീതിയിലുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയിരുന്നു.
നഗരസഭയുടെ നേതൃത്വത്തിൽ നഗര സൗന്ദര്യവത്ക്കരണത്തിനായി വർഷങ്ങൾക്ക് മുമ്പ് തന്നെ പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും, കെ.എസ്.ടി.പി. റോഡിന്റെ പ്രവൃത്തി നീണ്ടുപോയതിനാലാണ് ഇത് വൈകിയത്. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി മട്ടന്നൂർ ജങ്ഷനിൽ ക്ലോക്ക് ടവറും ബസ് സ്റ്റാൻഡിൽ ഓപ്പൺ ഓഡിറ്റോറിയവും നേരത്തെ സ്ഥാപിച്ചിരുന്നു. മട്ടന്നൂരിലെ തിരക്കേറിയ ഇരിട്ടി റോഡിൽ പുതിയ നടപ്പാതയും സൗകര്യങ്ങളും വരുന്നതോടെ കാൽനട യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും.
