കൂത്തുപറമ്പ്: കൂത്തുപറമ്പ് ഷട്ടിൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ആദ്യകാല ഷട്ടിൽ ബാഡ്മിന്റൺ കളിക്കാരെ ആദരിച്ചു. കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പികെ പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആദ്യകാല കളക്കാരായ ഡോ. എം.പി. അബ്ദുൽ റഷീദ്, കുഞ്ഞബ്ദുള്ള മാസ്റ്റർ, അഡ്വ. കെ. കുഞ്ഞഹമ്മദ്, എൻ. രാംദാസ് എന്നിവരെ ചടങ്ങിൽ വെച്ച് പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ ക്ലബ്ബിലെ പ്രമുഖ കായികതാരങ്ങളായ ഷജിൻലാൽ, വി.കെ. ശ്രുതി മാസ്റ്റർ എന്നിവരെയും ക്രോസ്കോർട്ട് അക്കാദമിയിലെ മികച്ച കുട്ടിത്താരങ്ങളെയും ആദരിച്ചു.
ചടങ്ങിൽ അഡ്വ. മുകുന്ദൻ വി. അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ സുധീർ ബാബു, എൻ. ധനഞ്ജയൻ, സി. പവിത്രൻ, അബ്ദുൽ റഹീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിനോദ് കുമാർ എം.കെ. സ്വാഗതവും പി.കെ. സുധാകരൻ നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി ഷട്ടിൽ ബ്രദേഴ്സിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് ജനപ്രതിനിധികളും കായികപ്രേമികളും അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രയും നടന്നു.
