Zygo-Ad

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ സമഗ്ര അർബുദ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി

 


കൂത്തുപറമ്പ്: മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളെയും ഏകോപിപ്പിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. കാൻസർ പ്രതിരോധം, വിപുലമായ ബോധവൽക്കരണം, സർവേ, പ്രചാരണ പരിപാടികൾ, സ്ക്രീനിംഗ് ടെസ്റ്റുകൾ, സഹായ മാർഗങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആസൂത്രണ യോഗം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരുൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗിരിജ കല്യാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പവിന കാരായി, കെ.സന്ധ്യാലക്ഷ്മി, കെ. ആരതി, കെ.പി. പ്രദീപൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.പി. പവിത്രൻ, കെ. ബിജിഷ, ഒ.കെ. അനുരാധ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജയപ്രകാശ് പന്തക്ക എന്നിവർ സംസാരിച്ചു. മലബാർ കാൻസർ സെന്ററിലെ ഡോ. എ.പി. നീതു, ഡോ. ഫിൻസ് എം. ഫിലിപ്പ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പദ്ധതിക്ക് പേരും ലോഗോയും ക്ഷണിച്ചു

സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിക്കായി പൊതുജനങ്ങളിൽ നിന്ന് പേരും ലോഗോയും ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പേരിനും ലോഗോയ്ക്കും പ്രത്യേക സമ്മാനങ്ങൾ നൽകും. താല്പര്യമുള്ളവർ ലോഗോയും പേരും presidentkuthuparambabp@gmail.com എന്ന ഇമെയിലിലോ, 9947977304 എന്ന വാട്സാപ്പ് നമ്പറിലോ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. പേരും ലോഗോയും ലഭിക്കേണ്ട അവസാന തീയതി ഈ മാസം 20. കൂടുതൽ വിവരങ്ങൾക്ക്: 9847943278.

 

വളരെ പുതിയ വളരെ പഴയ