കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനത്തിൽ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി എന്നീ പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലകളുടെ പട്ടികയിൽ ഇടംപിടിച്ചതോടെ മലയോരത്ത് ജനങ്ങളുടെ ആശങ്ക വർധിക്കുന്നു. ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സർക്കാർ നൽകിയ നിർദേശങ്ങൾ തള്ളിയാണ് കേന്ദ്രം പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. ആറളത്ത് 186 ചതുരശ്ര കിലോമീറ്ററും കൊട്ടിയൂരിൽ 18.13 ചതുരശ്ര കിലോമീറ്ററും ചെറുവാഞ്ചേരിയിൽ 10.40 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതിലോല പട്ടികയിലുണ്ട്.
കരിങ്കൽ ക്വാറികളുള്ള പ്രദേശങ്ങൾ ഒഴിവാക്കപ്പെട്ടതിൽ ബാഹ്യസ്വാധീനമുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ചുവപ്പുപട്ടികയിലുള്ള വ്യവസായങ്ങൾ, ക്വാറി പ്രവൃത്തികൾ, മണ്ണെടുപ്പ്, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെല്ലാം വിജ്ഞാപനം വരുന്നതോടെ വിലക്കുണ്ടാകും. ഇത് പ്രദേശത്തെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന അവസ്ഥയിലാണ്. ഈ വിഷയത്തിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 30-ന് അവസാനിക്കും.
കരട് വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷകസംഘം. ഇതിന്റെ ഭാഗമായി ഒമ്പതിന് രാവിലെ 10 മണിക്ക് ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജ് ഓഫീസുകളിലേക്ക് കർഷകസംഘം മാർച്ച് നടത്തും. വരും ദിവസങ്ങളിൽ ഒപ്പുശേഖരണം അടക്കമുള്ള തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കർഷകസംഘം ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനങ്ങളുടെ ജീവിതം ഇല്ലാതാക്കുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
