ഷുഹൈബ് കൊലക്കേസിൽ പ്രതികളുടെ വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തങ്ങൾക്ക് നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്നായിരുന്നു ഹർജിയിൽ പ്രതികളുടെ ആരോപണം.
സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് പ്രതികൾക്ക് അവസരം ഉറപ്പാക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി. വിചാരണ നടപടികളോട് സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകരോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. 2018 ഫെബ്രുവരി 12-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് വെട്ടിക്കൊല്ലപ്പെട്ടത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. മുൻപ് വിചാരണയുമായി സഹകരിക്കാത്തതിനെ തുടർന്ന് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തലശ്ശേരി സെഷൻസ് കോടതി നേരത്തെ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
