ഇരിക്കൂർ: ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന 25 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പിൽ നീതി ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ നിക്ഷേപക കൂട്ടായ്മ തീരുമാനിച്ചു. നിക്ഷേപം തിരിച്ചുകിട്ടാത്ത ആളുകളുടെ യോഗം ഇന്നലെ കുട്ടാവ് ജംഗ്ഷനിൽ ചേർന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സ്വീകരിച്ച നിക്ഷേപത്തുക മതിയായ ഈടില്ലാതെ ബിനാമി പേര് വഴിയും വായ്പ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 13 കോടിയോളം രൂപ ഇനിയും തിരിച്ചുപിടിക്കാനുണ്ട്.
കൂടാതെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിനായി 12.80 കോടിയോളം രൂപ നിക്ഷേപത്തിൽ നിന്നും എടുത്തിട്ടുണ്ട്. 2023-24 വർഷത്തിൽ 61.14 ലക്ഷവും, 2024-25 വർഷത്തിൽ 1.08 കോടി രൂപയും ഇതിനായി ഉപയോഗിച്ചു. ബാക്കി തുക മുൻവർഷങ്ങളിലും എടുത്തതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 2009-14 മുതലുള്ള ഭരണസമിതി അംഗങ്ങൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം. ബാങ്ക് സെക്രട്ടറി മനീഷ് 6.7 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടത്തിയെന്നും പണം ഇരട്ടിപ്പിക്കുന്ന ഏജൻസികൾക്ക് വരെ തുക നൽകിയെന്നും പറയപ്പെടുന്നു.
ഭരണസമിതി അംഗങ്ങളായ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. കുഞ്ഞിമായിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.പി. അബ്ദുറഹിമാൻ, മുൻ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. മുനീറുദ്ദീൻ, ബാങ്ക് ജീവനക്കാർ എന്നിവർക്കെതിരെ അഡ്വ. മുഹമ്മദ് രിഫായി എം.പി. മുഖേന നിക്ഷേപകർ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആദ്യ കേസിൽ ജീവനക്കാർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. രണ്ടാമത്തെ കേസിൽ 2019-24 ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും ജില്ലാ കോടതി ജാമ്യം നിഷേധിച്ചെങ്കിലും ഇവർ ഇപ്പോഴും ജോലിയിൽ തുടരുകയാണ്.
രണ്ടാഴ്ച മുമ്പ് ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ രാത്രി അതിക്രമിച്ചു കയറി സിസിടിവി ഫൂട്ടേജുകളും ഹാർഡ് ഡിസ്കും നശിപ്പിച്ച സംഭവത്തിൽ കോടതി നിർദ്ദേശപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2009 മുതലുള്ള ഭരണസമിതി അംഗങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും നിക്ഷേപത്തിൽ നിന്ന് ജീവനക്കാരുടെ ശമ്പളത്തിനായി നൽകിയ 13 കോടി രൂപ അവരിൽ നിന്ന് തിരിച്ചുപിടിക്കാൻ നിയമനടപടി സ്വീകരിക്കാനും ഇന്നലത്തെ യോഗത്തിൽ തീരുമാനമായി. നിക്ഷേപക കൂട്ടായ്മ ചെയർമാൻ ഷമീർ, കൺവീനർ പത്മനാഭൻ എന്നിവർ സംസാരിച്ചു.
