Zygo-Ad

എസ്ബിഐ മട്ടന്നൂർ ശാഖയിലെ കറൻസി ചെസ്റ്റ് നിലനിർത്തണം: വി കെ സനോജ് എംഎൽഎ

 


എസ്ബിഐ മട്ടന്നൂർ ശാഖയിലെ കറൻസി ചെസ്റ്റ് പൂട്ടാനുള്ള നീക്കത്തിൽനിന്ന് ബാങ്ക് അധികൃതർ പിന്മാറണമെന്ന് വി കെ സനോജ് എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ 56 വർഷമായി പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന ഈ കറൻസി ചെസ്റ്റ് വഴിയിലാണ് മട്ടന്നൂർ നഗരത്തിലെ മുഴുവൻ ധനകാര്യ സ്ഥാപനങ്ങൾക്കും കറൻസി ലഭ്യത ഉറപ്പാക്കുന്നത്. നിലവിലെ ആർബിഐ ചെസ്റ്റ് പൂട്ടുന്നത് മട്ടന്നൂരിലെ സാമ്പത്തിക ഇടപാടുകളെ സാരമായി ബാധിക്കും.

തലശേരി ശാഖയിൽനിന്നാണ് ഇനി മുതൽ കറൻസി എത്തിക്കുക എന്നാണ് അറിയുന്നത്. ഇത് ഇടപാടുകാർക്ക് സമയബന്ധിതമായി പണം ലഭിക്കുന്നതിനും വ്യാപാരികൾക്ക് നാണയങ്ങളും ചെറിയ നോട്ടുകളും ലഭിക്കുന്നതിനും വലിയ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ മാറ്റി വാങ്ങുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കും.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് മട്ടന്നൂർ. കൂടാതെ കിൻഫ്ര വ്യവസായ പാർക്ക്, ജില്ലാ ട്രഷറി, സബ്ട്രഷറി, ആർടിഒ, എൻഫോഴ്സ്മെന്റ് ഓഫീസ് തുടങ്ങി നിരവധി പ്രധാന സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കറൻസി ചെസ്റ്റ് മാറ്റുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

മട്ടന്നൂർ ശാഖയിലെ കറൻസി ചെസ്റ്റ് നിലനിർത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും എസ്ബിഐ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസ് ചീഫ് ജനറൽ മാനേജർക്കും എംഎൽഎ കത്ത് നൽകി.

 


വളരെ പുതിയ വളരെ പഴയ