Zygo-Ad

സൗജന്യ സ്തനാർബുദ ബോധവത്കരണ ക്ലാസും പരിശോധന ക്യാമ്പും ഒക്ടോബർ 28-ന് മട്ടന്നൂർ മിഷൻ ആശുപത്രിയിൽ


മട്ടന്നൂർ: സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും രോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനുമായി മട്ടന്നൂർ മിഷൻ ആശുപത്രിയിൽ സൗജന്യ ബോധവത്കരണ ക്ലാസും പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10 മണിക്ക് മിഷൻ ആശുപത്രിയിൽ വെച്ചാണ് പരിപാടി നടക്കുക. ഐ.എം.എ. കൂത്തുപറമ്പും എച്ച്.എൻ.സി. ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ (MCC) കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർ നീതു ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും. സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, സ്വയം പരിശോധന നടത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, രോഗ നിർണ്ണയ ഉപാധികൾ, പ്രതിരോധ ചികിത്സകൾ എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിക്കും. പങ്കെടക്കുന്നവർക്ക് രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും ഉണ്ടാകും.

വാർത്താസമ്മേളനത്തിൽ ഐ.എം.എ. പ്രസിഡന്റ് ഡോ. ചസ്മ, സെക്രട്ടറി ഡോ. സദീക്ക സാജിദ്, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ഗീത പി., എച്ച്.എൻ.സി. ഹെൽത്ത് കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലത്ത്, അക്കൗണ്ട്സ് ഹെഡ് നജീബ് സി.പി., അഡ്മിനിസ്ട്രേറ്റർമാരായ ഗോപകുമാർ, സജീർ വി.പി. എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ