കൂത്തുപറമ്പ്: അപകടാവസ്ഥയിലായ കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് അടർന്നു വീഴുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി നഗരസഭ ചെയർപേഴ്സൺ വി. ഷിജിത്ത് അറിയിച്ചു. അടർന്നു വീഴാൻ സാധ്യതയുള്ള ഭാഗങ്ങളിലെ പ്ലാസ്റ്ററിങ് പൂർണ്ണമായി ഇളക്കി മാറ്റി പുതിയ പ്ലാസ്റ്ററിങ് നടത്തുമെന്നും ഈ പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.
ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തുന്ന കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ഭാഗികമായി അടർന്നു വീഴുകയും മറ്റ് ചില ഭാഗങ്ങൾ വീഴാറായ അവസ്ഥയിലാകുകയും ചെയ്തത് യാത്രക്കാർക്ക് വലിയ അപകടഭീഷണി ഉയർത്തിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നഗരസഭ എൻജിനീയർ, സെക്രട്ടറി, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോൺട്രാക്ടർ സ്ഥലത്തെത്തി പരിശോധന നടത്തിയതായും അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കാൻ നിർദ്ദേശം നൽകിയതായും ചെയർപേഴ്സൺ വ്യക്തമാക്കി.
കെട്ടിടത്തിന്റെ കാലപ്പഴക്കവും മേൽക്കൂരയിൽ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് പ്ലാസ്റ്ററിങ് അടർന്നു വീഴാൻ ഇടയാക്കിയതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരമായി മേൽക്കൂരയിൽ ഷീറ്റ് ഇടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
