ആറളം: ആറളം ഫാമിലും പുനരധിവാസ മേഖലയിലും നിരന്തരം ഭീതി വിതച്ച 'കെ. എം. - 1' എന്ന മോഴയാനയെ ദൗത്യസംഘം മയക്കുവെടി വെച്ച് പിടി കൂടി വയനാട്ടിലെ മുത്തങ്ങയിലെത്തിച്ചു. നൂറിലേറെ പേരടങ്ങുന്ന ദൗത്യസംഘം വ്യാഴാഴ്ച നടത്തിയ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ആനയെ തളച്ച് വെള്ളിയാഴ്ച പുലർച്ചെയോടെ വയനാട്ടിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച രാവിലെ പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാൽ ഭാഗത്ത് വെച്ച് ആനയെ കണ്ടത്തുകയും കൂടെയുണ്ടായിരുന്ന മറ്റ് ആനകളെ മാറ്റിയ ശേഷം മൂന്ന് തവണ മയക്കുവെടി വെക്കുകയുമായിരുന്നു. തുടർന്ന് വിക്രം, ഉണ്ണികൃഷ്ണൻ, ഭരതൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രത്യേകം നിർമ്മിച്ച വഴിയിലൂടെ ആനയെ പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റിയത്. കനത്ത മഴ ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും ശ്രമകരമായി ദൗത്യം പൂർത്തിയാക്കി.
നിലവിൽ മുത്തങ്ങയിലെ പ്രത്യേകം തയ്യാറാക്കിയ ആനക്കൊട്ടിലിലാണ് ആനയെ പാർപ്പിച്ചിരിക്കുന്നത്. മുൻകാലിലും തുമ്പിക്കൈയിലുമുള്ള മുറിവുകൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം, റേഡിയോ കോളർ ഘടിപ്പിച്ച് വനമേഖലയിൽ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. കണ്ണൂർ ഡി. എഫ്. ഒ. കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനം-പോലീസ്-റവന്യൂ വകുപ്പുകൾ ചേർന്നാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
