Zygo-Ad

അപകടക്കെണിയായി അഞ്ചരക്കണ്ടി-ചക്കരക്കൽ റോഡിലെ വളവിൽപീടിക വളവ്: നിരന്തരം അപകടങ്ങൾ പതിവാകുന്നു


കണ്ണൂർ: അഞ്ചരക്കണ്ടി-ചക്കരക്കൽ റോഡിലെ വളവിൽപീടിക വളവ് യാത്രാക്ലേശവും വലിയ അപകടങ്ങളും സൃഷ്ടിക്കുന്നതായി വ്യാപക പരാതി. ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും മറ്റു വാഹനങ്ങൾ അപകടത്തിൽപെടുന്നതും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്.

റോഡിന്റെ അപകടകരമായ വളവും ഒരുവശത്തെ വലിയ കുഴിയുമാണ് പ്രധാന പ്രശ്നം. റോഡിന്റെ ഒരുഭാഗത്ത് വെള്ളക്കെട്ട് മൂലം ചെളി നിറഞ്ഞു കിടക്കുന്നത് ഇരുചക്ര വാഹനങ്ങൾ തെന്നിമറിയാൻ ഇടയാക്കുന്നുണ്ട്. വേഗ നിയന്ത്രണ സംവിധാനങ്ങളോ അപകട മുന്നറിയിപ്പ് നൽകുന്ന സൂചന ബോർഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ലാത്തതും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന് വീതി കുറവാണെന്നതും വാഹനയാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആവശ്യത്തിന് വീതി കൂട്ടാൻ ഇരുവശത്തും സ്ഥലമുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.




കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം അമ്മയും മകനും സഞ്ചരിച്ച ബൈക്കും ഇവിടെ അപകടത്തിൽപെടുകയുണ്ടായി. മഴക്കാലത്ത് റോഡിന്റെ വശങ്ങളിൽ കാടുകയറി കിടക്കുന്നതും എതിരെ വരുന്ന വാഹനങ്ങൾ കാണുന്നതിന് തടസ്സമാകുന്നുണ്ട്. കൂടാതെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും വലിയ ഭയത്തോടെയാണ് ഈ റോഡ് ഉപയോഗിക്കുന്നത്.

വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ എത്രയും പെട്ടെന്ന് റോഡിന്റെ വശങ്ങൾ വീതികൂട്ടി ടാർ ചെയ്യണമെന്നും സിഗ്നൽ ബോർഡുകളും മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.



വളരെ പുതിയ വളരെ പഴയ