Zygo-Ad

ഇടത് സഘടനകൾ മാപ്പ് പറയണം:കെ. പി. എസ്‌. ടി. എ.

ഇരിട്ടി :രാഷ്ട്രീയ പ്രേരിതമായി വ്യാജ പോക്സോ കേസ് കെട്ടിച്ചമച്ച് പാലാ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന നിർവാഹസമിതി അംഗവുമായ എ കെ ഹസ്സനെ കോടതി കുറ്റവിമുക്തനാക്കി . 22 വർഷമായി പാലാ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായി പ്രവർത്തിച്ചിരുന്ന ഹസനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഇടത് അനുകൂല സംഘടനകളുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്പോക്സോകേസെന്ന് കെ.പി.എസ്.ടിഎ നേരത്തേതന്നെ ആരോപിച്ചിരുന്നു.അധ്യാപക സംഘടനയുടെ പ്രവർത്തകൻ എന്ന നിലയിൽ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനും രാഷ്ട്രീയപകപോക്കൽ നടത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള തീർത്തും ലജ്ജാകരമായ വിധത്തിലുള്ള കേസ് കെട്ടിച്ചമച്ചത്. എന്നാൽ നീതി പീഠത്തിനു മുമ്പിൽ സത്യം തെളിയുകയും അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കുകയും ആണ് ചെയ്തിട്ടുള്ളത്. ഇതിനിടയിൽ അദ്ദേഹത്തിന് ഉണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളും ജോലിയിൽനിന്ന് ഉൾപ്പെടെ മാറ്റിനിർത്തപ്പെട്ടതുമായ അനുഭവങ്ങളും ഒക്കെ മനുഷ്യമനസാക്ഷിക്കു മുമ്പിൽ ചോദ്യചിഹ്നമായി നിലനിൽക്കുന്നു. ഒടുവിൽ നീതിപീഠം അദ്ദേഹത്തെ വെറുതെ വിടുമ്പോഴും അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ ഉണ്ടായ മാനനഷ്ടവും സമൂഹത്തിൽ ഉണ്ടായ തെറ്റായ ചിത്രീകരണവും ഈ വിധിയിലൂടെ മാറ്റാനാവില്ല. ഇത്തരത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൂഢ സംഘങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരിട്ടി ഉപജില്ല ആവശ്യപ്പെട്ടു.അധ്യാപകർക്ക് നേരെ ഇത്തരത്തിലുള്ള വ്യാജ കേസുകൾ ഇപ്പോൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം കേസുകളെക്കുറിച്ച് പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് കെ പി എസ് ടി എ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സി വി കുര്യൻ ആധ്യക്ഷത വഹിച്ചു. കെ പി എസ്‌ ടി എ സംസ്ഥാന കൗൺസിലർ മാത്യു ജോസഫ്, ഷാജി ടി വി, വി.കെ ഈസ, കെ ജെ ജെയ്സൺ, ജാൻസൺ ജോസഫ്, ശ്രീകാന്ത് കെ, ശ്രീനിവാസൻ എം, നജ്മ എം കെ, സജി ടി വി, സുമേഷ് പി എം പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ