Zygo-Ad

റോഡിൽ വെച്ച് മകളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ.

ഇരിട്ടി : പട്ടാപകൽ റോഡിൽ വെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം. യുവതിയുടെ ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വിളമന സ്വദേശി കല്യാടൻ വീട്ടിൽ ഉമേഷ് (40 ) നെതിരെ ഇരിട്ടി പോലീസ് വധശ്രമത്തിന് കേസ്സെടുത്തു. കഴുത്തിൽ മുറിവേറ്റ കുന്നോത്ത് ബെൻഹിൽ സ്വദേശിനി കെ.യു. സജിത(36)യെ ആദ്യം ഇരിട്ടിയിലെ അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി. ഇവരെ ശത്രക്രിയക്ക് വിധേയമാക്കി.
ബുധനാഴ്ച രാവിലെ 10 മണിയോടെ ബെൻഹിൽ സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്ത് അന്തർ സംസ്ഥാന പാതയിൽ വെച്ചായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങൾ കാരണം തെറ്റിപ്പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് പേപ്പർ കൈമാറാൻ ഉണ്ടെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തി ആയിരുന്നു ആക്രമണം. കാറിലെത്തിയ ഉമേഷ് പുറത്തിറങ്ങിയ ഉടനെ സജിതയുമായി വാക്ക്തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ സജിത പോലീസിനെ വിളിക്കാൻ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഉമേഷ് പിന്നിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സജിത ഇളയ മകൾക്കൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിലെ ജീവനക്കാരിയാണ് സജിത. സംഭവ സമയത്ത് എത്തിയ യാത്രക്കാരാണ് സജിതയെ ആസ്പത്രിയിൽ എത്തിച്ചത്. നാട്ടുകാർ ഉമേഷിനെ തുടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. എ എസ് ഐ സുജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫിസർ പത്മരാജൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ