കൂത്തുപറമ്പ്: ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നാരോപിച്ച് കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവം.
സ്വമേധയാ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും പ്രദേശത്തെ മലിനജല വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും കെ.പി. മോഹനൻ എംഎല്‍എ പറഞ്ഞു.
സംഭവത്തില്‍ പരാതി നല്‍കില്ലെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കില്‍ സഹകരിക്കുമെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു.
ഇന്ന് രാവിലെ കണ്ണൂർ പെരിങ്ങത്തൂരില്‍ വച്ചാണ് മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പരാതിയെ തുടർന്ന് പൊല്യൂഷൻ കണ്‍ട്രോള്‍ ബോർഡ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. മാലിന്യ പ്രശ്‌നത്തില്‍ എംഎല്‍എ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
