അഞ്ചരക്കണ്ടി മാമ്പ ഈസ്റ്റ് എൽ.പി സ്കൂൾ കവാടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ചക്കരക്കൽ ഭാഗത്ത് നിന്ന് അഞ്ചരക്കണ്ടിയിലേക്ക് വരികയായിരുന്ന ബെലേനോ കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിദ്യാർത്ഥികളും നാട്ടുകാരും സ്ഥിരമായി നടന്നുപോകുന്ന സ്കൂൾ കവാടത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടസമയത്ത് ആരും അവിടെ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. വിമാനത്താവള റോഡായ ഇതുവഴി വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നത് പതിവാണെന്നും ഇതിനെതിരെ നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
