പെരളശ്ശേരി : ഉത്തരമലബാറിലെ പ്രശസ്തമായ മാവിലാക്കാവ് ദൈവത്താറീശ്വര ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അടിയുത്സവം ഇന്ന് നടക്കും. വിഷു വിളക്കുത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഈ അപൂർവ്വ ചടങ്ങ് വൈകിട്ട് പെരളശ്ശേരി മൂന്നാംപാലത്തിന് സമീപത്തെ നിലാഞ്ചിറ വയലിലാണ് അരങ്ങേറുന്നത്.
ഐതിഹ്യപ്രകാരം അവിൽ പൊതിക്ക് വേണ്ടി സഹോദരങ്ങൾ തമ്മിൽ നടത്തിയ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലായാണ് അടിയുത്സവം ആചരിക്കുന്നത്. മൂത്ത കൂർവ്വാട്, ഇളയ കൂർവ്വാട് എന്നിങ്ങനെ രണ്ട് ചേരികളായി തിരിഞ്ഞാണ് മത്സരം. വാല്യക്കാരുടെ ചുമലിലേറിയാണ് നമ്പ്യാർ സമുദായത്തിലെ കൈക്കോളന്മാർ പരസ്പരം കൈകൾ കൊണ്ട് അടിക്കുന്നത്. വൈകിട്ട് ക്ഷേത്രത്തിലെ വിവിധ ചടങ്ങുകൾക്ക് ശേഷം ദൈവത്താർ നിലാഞ്ചിറ വയലിലെത്തുന്നതോടെയാണ് ആവേശം നിറഞ്ഞ അടിയുത്സവം ആരംഭിക്കുക. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തർ ഈ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ നിലാഞ്ചിറയിൽ എത്തും.
