Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: കനത്ത ഗതാഗതക്കുരുക്കിൽ വലഞ്ഞ് ഭക്തജനം

 


കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടതോടെ മലയോര മേഖല മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിലായി. കൊട്ടിയൂർ, കേളകം, പേരാവൂർ, കണിച്ചാർ, കോളയാട് തുടങ്ങിയ മേഖലകളിലെ റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.

നെടുംപൊയിൽ ചുരം മുതൽ കൊട്ടിയൂർ വരെയുള്ള ഭാഗങ്ങളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ സ്തംഭിച്ചു. കൊട്ടിയൂർ ടൗൺ മുതൽ ക്ഷേത്രപരിസരം വരെയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സ്വകാര്യ വാഹനങ്ങളുടെയും ബസുകളുടെയും അമിത തിരക്ക് കാരണം ഭക്തർ മണിക്കൂറുകളോളം വാഹനങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കേണ്ടി വന്നു.

മുൻ വർഷങ്ങളിൽ നടപ്പിലാക്കിയിരുന്ന കാര്യക്ഷമമായ ഗതാഗത ക്രമീകരണങ്ങൾ ഇത്തവണ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് നാട്ടുകാരും ഭക്തരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഞായറാഴ്ച കേളകത്ത് വാഹനങ്ങൾ പാർക്ക് ചെയ്യിപ്പിച്ച് കെഎസ്ആർടിസി ഷട്ടിൽ സർവീസുകൾ വഴി ഭക്തരെ എത്തിച്ചിരുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിച്ചിരുന്നു. എന്നാൽ ഇത്തവണ സമാനമായ മുൻകരുതലുകൾ സ്വീകരിക്കാത്തതും ട്രാഫിക് മാനേജ്മെന്റിലെ പാളിച്ചകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ട്രാഫിക് നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.


വളരെ പുതിയ വളരെ പഴയ