തലശേരി - വളവുപാറ കെ എസ് ടി പി റോഡിന്റെ ഭാഗമായ ഇരിട്ടി - മട്ടന്നൂർ റോഡിൽ വർധിച്ചുവരുന്ന അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും അപകടങ്ങൾ കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ജൂലൈ ആറിന് രാവിലെ 10.30ന് ഇരിട്ടി നഗരസഭാ ഹാളിൽ ഉന്നത തല യോഗം ചേരും. ഇരിട്ടി നഗരസഭയുടെ മുൻകൈയിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യും. ഇരിട്ടി പാലം മുതൽ മട്ടന്നൂർ കളറോഡ് പാലം വരെ വരുന്ന 12 കിലോമീറ്ററോളം റോഡ് ഇരിട്ടി നഗരസഭയിലൂടെയാണ് കടന്നു പോകുന്നത്. ഇത്രയും ദൂരത്തിനിടയിലാണ് ഏറ്റവും അധികം വാഹനാപകടങ്ങളും നടക്കുന്നത്. കൂത്തുപറമ്പ് എ സി പി, മോട്ടോർവാഹന വകുപ്പിലെ ഉന്നതർ, ബസ് ഉടമ സംഘങ്ങളുടെയും തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം കൂരൻമുക്കിൽ സ്വകാര്യ ബസ്സിന്റെ മത്സര ഓട്ടത്തിനിടയിൽ സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ഇടിച്ച് മരിച്ചിരുന്നു. ഇതേ സ്ഥലത്ത് രണ്ടാഴ്ച മുൻപും അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് വലിയ ബഹുജന രോഷമാണ് ഉയർന്നത്. നാട്ടുകാർ മണിക്കൂറുകളോളം സ്വകാര്യബസ്സ് തടഞ്ഞുവെക്കുന്ന നില വരെയുണ്ടായി. പ്രശ്‌നത്തിൽ ഇടപെട്ട പോലീസും ജനപ്രതിനിധികളും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇരിട്ടിയിൽ നിന്നും രണ്ട് മൂന്നും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കണ്ണൂരിലേക്കും തലശേരിയിലേക്കും സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നത്. ചില സർവ്വിസുകൾ പുതിയ സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ശേഷം പഴയ സ്റ്റാൻഡിൽ എത്താൻ മൂന്നും നാലും മിനിറ്റുകൾ അധികം എടുക്കുന്നു. ഇതുമൂലം സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ഇതേ ഭാഗത്തേക്കുള്ള മറ്റൊരു ബസ്സും പിന്നാലെ എത്തുമ്പോഴാണ് മത്സര ഓട്ടവും അപകടങ്ങളും ഉണ്ടാകുന്നത്. പരമാവധി യാത്രക്കാരെ തങ്ങളുടെ ബസ്സിലേക്ക് കയറ്റുന്നതിന് വേണ്ടിയാണ് പുതിയ സ്റ്റാൻഡിൽ നിന്നും പഴയ സ്റ്റാൻഡിലേക്കുള്ള സമയ ക്രമീകരണം. ഇതുമൂലം നഷ്ടപ്പെടുന്ന സമയം അടുത്ത സ്റ്റാൻഡിലേക്ക് ഓടിപ്പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
പോലീസും മോട്ടോർ വാഹന വകുപ്പും ബസ്സുകളുടെ സമയനിഷ്ഠ ഉറപ്പാക്കുകയാണ് ഇതിൽ പ്രധാനം. റോഡിൽ കിലോമീറ്ററുകളോളം ഇറക്കമുള്ള പ്രദേശങ്ങളിൽ വേഗ നിയന്ത്രണ സംവിധാനവും അത്യാവശ്യമാണ്. ഇരിട്ടി എം ജി കോളേജ് സ്‌റ്റോപ്പ് മുതൽ പുന്നാട് കുളം സ്റ്റോപ്പ് വരെയും, ഉളിയിൽ ടൗൺ, നരയൻപാറ മുതൽ നാടുവനാട് റോഡ് കവല വരെയുള്ള ഭാഗങ്ങൾ, വളോര ഇറക്കം, ചാവശേരി ടൗൺ സ്‌റ്റോപ്പ് മുതൽ കളറോഡ് പാലം വരെയുള്ള ഭാഗങ്ങളിലുമാണ് അപകടങ്ങൾ കൂടുതലായി നടക്കുന്നത്.
അമിത വേഗതക്കൊപ്പം അശ്രദ്ധയും മൂലമാണ് ഈ മേഖലയിൽ ഭൂരിഭാഗം അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ബസ്സുകളെ കൂടാതെ ചെങ്കൽ ലോറികളുടെയും ടിപ്പർ ലോറികളുടെയും നിരവധി അപകടങ്ങളാണ് ഈ റോഡിന്റെ വിവിധയിടങ്ങളിലായി ഉണ്ടായിട്ടുള്ളത്. ഇവയ്ക്ക് പുറമെ അമിതവേഗതയിൽ പായുന്ന ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാർക്കും മറ്റും ഭീഷണി തീർക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾ കണ്ടെത്തി വലിയ പിഴ തന്നെ ചുമത്തണം. ശക്തമായ നടപടികളുണ്ടായാൽ പല അപകടങ്ങളും ഒഴിവാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
