കണ്ണൂർ: തലശ്ശേരിയിൽ നിന്ന് അഞ്ചരക്കണ്ടി വഴി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന പ്രധാന റോഡിലെ അഞ്ചരക്കണ്ടി പാലത്തിനോട് ചേർന്ന് രൂപപ്പെട്ട വലിയ കുഴി യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. റോഡിന്റെ നടുവിലായി രൂപപ്പെട്ടിരിക്കുന്ന ഈ കുഴി ശ്രദ്ധയിൽപ്പെടാതെ നിരവധി ഇരുചക്ര വാഹനങ്ങളാണ് ദിവസവും അപകടത്തിൽപ്പെടുന്നത്.
ശക്തമായ മഴയുള്ള സമയത്തും രാത്രികാലങ്ങളിലുമാണ് അപകടങ്ങൾ കൂടുതലായി നടക്കുന്നത്. വേഗതയിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് കുഴിയിൽപ്പെടുകയും നിയന്ത്രണം വിടുകയും ചെയ്യുന്നു.
രാത്രികാലങ്ങളിൽ വലിയ ഭാരവാഹനങ്ങൾ ഉയർന്ന ശബ്ദത്തോടെ കുഴിയിൽ ചാടുന്നത് സമീപവാസികളുടെ ഉറക്കത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും വലിയ താഴ്ചയുള്ളതിനാൽ, കുഴിയിൽ വീണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞാൽ വൻ ദുരന്തത്തിന് സാധ്യതയേറെയാണ്
മാസങ്ങൾക്ക് മുൻപ് ഇവിടെ ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നതായും പ്രദേശവാസികൾ വ്യക്തമാക്കുന്നു.തുടർച്ചയായി അപകടങ്ങൾ ഉണ്ടായിട്ടും കുഴിയടയ്ക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല
വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് എത്രയും വേഗം റോഡിലെ കുഴിയടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം

