കൂത്തുപറമ്പ് - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസ്സിലെ കണ്ടക്ടർ കൂത്തുപറമ്പ് തൃക്കണ്ണാപുരം സ്വദേശി രാഘവൻ വാഴവളപ്പിലിനെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടിക്കറ്റെടുക്കാൻ ഗൂഗിൾ പേ സൗകര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി നൽകിയതാണ് ആക്രമണത്തിന് കാരണമായത്.
വയോധികനായ കണ്ടക്ടറുടെ മുഖത്തടിച്ച പ്രതിയെ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് പിടികൂടിയത്. ആക്രമണത്തിൽ മൂക്കിന്റെ പാലത്തിന് പരിക്കേറ്റ കണ്ടക്ടറെ വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. അക്രമം തടയാൻ ശ്രമിച്ച ഡ്രൈവർക്കും ഭിന്നശേഷിക്കാരനായ യാത്രക്കാരനും മർദ്ദനമേറ്റിട്ടുണ്ട്.
സംഭവത്തിൽ പാനൂർ വൈദ്യാർപീടിക സ്വദേശിയായ രമീഷ് (28) നെ കൂത്തുപറമ്പ് എസ്ഐ സനദിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന പ്രതിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
