മാങ്ങാട്ടിടം: അയ്യപ്പൻതോടിൽ നിന്ന് മാങ്ങാട്ടിടം പഞ്ചായത്തിലേക്ക് എത്താനുള്ള എളുപ്പവഴിയായ കുറുമ്പുക്കൽ കനാൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് വർഷങ്ങൾ പിന്നിട്ടിട്ടും പരിഹാരമായില്ല. കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ റോഡ് തകർന്നു കിടക്കുകയാണ്. റോഡിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് വഴി ദിനംപ്രതി കാൽനടയാത്രക്കാരും വാഹനയാത്രികരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
കുറുമ്പുക്കൽ എൽപി സ്കൂളിലേക്ക് ദിവസേന പോകുന്ന നിരവധി വിദ്യാർത്ഥികളും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് വിദ്യാർത്ഥികൾ ചെളിയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പാലുമായി വന്നയാൾ സ്കൂട്ടറടക്കം വീണ് അപകടത്തിൽപ്പെടുകയും പാലെത്തിക്കാൻ സാധിക്കാതെ വരികയും ചെയ്തിരുന്നു. റോഡ് തകർന്നതിനാൽ വാഹനങ്ങൾ ഇതുവഴിയുള്ള യാത്ര പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
രാത്രിയായാൽ തെരുവ് വിളക്കുകളില്ലാത്തതിനാൽ ദുരിതം ഇരട്ടിയാകും. ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാൻ തയ്യാറാകാത്തതിനാൽ പ്രദേശവാസികൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. പഞ്ചായത്ത് അധികൃതർക്കും ഗ്രാമസഭയിലും നിരന്തരം പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

