കൂത്തുപറമ്പ്: ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും ഇരട്ട വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കി കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് ഇജാസ് എം.പി. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഈ ഇനങ്ങളിൽ ഒരാൾ ഇരട്ട റെക്കോർഡ് നേട്ടം കൈവരിക്കുന്നത്.
ഹിപ്നോട്ടിസം വിഭാഗത്തിൽ ആം കാറ്റലെപ്സി, ഹിപ്നോട്ടിക് ഗ്ലൗ അനസ്തേഷ്യ എന്നിവ വിജയകരമായി പ്രദർശിപ്പിച്ച് കൈകളിൽ തീപന്തം സ്പർശിക്കുന്ന പ്രകടനത്തിനാണ് ആദ്യ റെക്കോർഡ്. മെന്റലിസത്തിൽ കുപ്പിയിലും കണ്ണടയിലും നടത്തുന്ന ടെലികൈനസിസ് ഇഫക്റ്റും ഹാൻഡ്കഫ് പസിലുകൾ തുടർച്ചയായി നിർദ്ധാരണം ചെയ്ത പ്രകടനവും ഇജാസിനെ രണ്ടാമത്തെ റെക്കോർഡിന് അർഹനാക്കി.
കൂത്തുപറമ്പ് സ്വദേശികളായ മുഹമ്മദ് സി, കമറുന്നിസ്സ ദമ്പതികളുടെ മകനാണ് ഇജാസ്. 2026 ഓഗസ്റ്റ് 2 ഞായറാഴ്ച കോഴിക്കോട് എക്സ്പ്ലോറ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ശരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ.കെ മലയത്തിൽ നിന്നും ഇജാസ് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
കോഴിക്കോട് പാത് മിയ ഇന്റർനാഷണൽ അക്കാദമിയിൽ നിന്ന് ഗുരുനാഥനായ ശരീഫ് മാസ്റ്ററുടെ കീഴിൽ ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും പഠനം പൂർത്തിയാക്കിയ ഇജാസ് സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് കൂടിയാണ്.
