കൂത്തുപറമ്പ്: വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഏർപ്പെടുത്തിയ അഞ്ചാമത് സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്കാരത്തിന് വിദ്യാർത്ഥികളായ എം. വി. പ്രഗീർത്തും കെ. പി. മുഹമ്മദ് ബിലാലും അർഹരായി. ചിത്രകാരനും വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഡയറക്ടറുമായിരുന്ന സന്തൂപ് സുനിൽകുമാറിന്റെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
പെരളിശ്ശേരി എ. കെ. ജി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും വേങ്ങാട് പഞ്ചായത്ത് ബാലസഭ പ്രസിഡന്റുമായ പ്രഗീർത്ത് പാച്ചപൊയ്ക സ്വദേശിയാണ്. അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് ബിലാൽ വള്ളിത്തോട് സ്വദേശിയാണ്. പഠനത്തിലും വിവിധ കലോത്സവ-ശാസ്ത്രമേള മത്സരങ്ങളിലും മികവ് പുലർത്തിയതിനാണ് ഇരുവർക്കും അംഗീകാരം ലഭിച്ചത്.
ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പദ്മശ്രീ എസ്. ആർ. ഡി. പ്രസാദ് ഗുരുക്കൾ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പുരസ്കാര നിർണയ സമിതി ചെയർമാൻ റഫീഖ് പാണപ്പുഴ അറിയിച്ചു.
